അതിരപ്പിള്ളി പദ്ധതി നിർത്തുക: പരിസ്ഥിതി സംരക്ഷണത്തിലും വനപരിപാലനത്തിനും കേരളം മാതൃകയാവുക!    

പശ്ചിമഘട്ടവും ചാലക്കുടി പുഴയും ആദിവാസി ജീവിതങ്ങളും സംരക്ഷിക്കുക

18 ജൂൺ 2020: പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്ത്, പരിസ്ഥിതിക്ക് ദോഷകരമായ അതിരപ്പിള്ളി ജല വൈദ്യുതി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള പുതിയ നിര്‍ദേശം കേരള സര്‍ക്കാര്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് നാഷണല്‍ അലിയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് (NAPM) ആവശ്യപ്പെടുകയാണ്. തൃശൂര്‍ ജില്ലയിലെ ചാലക്കുടി പുഴയില്‍ 163 മെഗാവാട്ട് ജല വൈദ്യുതി പദ്ധതി കൊണ്ടുവരുന്നതിന് കേരള ഇലക്ട്രിസിറ്റി ബോര്‍ഡിനെ അനുവദിച്ചുകൊണ്ട് ഏഴുവര്‍ഷത്തേക്ക് ‘എന്‍.ഒ.സി’ നല്‍കിയ സര്‍ക്കാര്‍ നടപടിയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സര്‍ക്കാര്‍ നടപടിയ്ക്കെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ എന്‍.ഒ.സി വെറും ‘സാധാരണ നടപടി ക്രമം’ മാത്രാമാണെന്ന സര്‍ക്കാര്‍ വാദം യുക്തിക്കു നിരക്കാത്തതാണ്.

നടപ്പാക്കിയാലുണ്ടാവുന്ന ഗുരുതരമായ സാമൂഹ്യ-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കാരണം നാലുപതിറ്റാണ്ടിലേറെ നീണ്ട, വിവാദമായ ചരിത്ര പശ്ചാത്തലമുള്ള ഈ പദ്ധതി ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പദ്ധതിക്ക് അനുമതി നല്‍കിയ നടപടി, പാരിസ്ഥിതികവും  മറ്റു നടപടിക്രമങ്ങളും സംബന്ധിച്ചുള്ള  നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുറഞ്ഞത് രണ്ട് തവണയെങ്കിലും ഹൈക്കോടതി തടഞ്ഞിരുന്നു. എന്തുകൊണ്ട് ഈ പദ്ധതി പ്രായോഗികമല്ല എന്നതിന് നിരവധി ഗവേഷണങ്ങളും ശാസ്ത്രീയ തെളിവുകളുമുണ്ട്. ഇതില്‍ സുപ്രധാനമാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയെന്ന് പൊതുവില്‍ അറിയപ്പെടുന്ന പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനല്‍ (WGEEP) സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ജൈവവൈവിധ്യങ്ങളാല്‍ സംപുഷ്ടമായ പരിസ്ഥിതി ലോല മേഖലയായ സോണ്‍ 1 ല്‍ ഉള്‍പ്പെടുത്തിയ അതിരപ്പിള്ളിയിലെ ജലവൈദ്യുതി പദ്ധതി പാരിസ്ഥിതികമായും സാങ്കേതികമായും സാമ്പത്തികമായും വ്യര്‍ത്ഥവും അനഭികാമ്യവുമാണ്.

കേരളത്തിലെ ആദിവാസി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയതുപോലെ ഈ പദ്ധതി 2006ലെ വനാവകാശനിയമത്തിന്റെ പ്രകടമായ ലംഘനമാണ്. 2014ല്‍ കമ്മ്യൂണിറ്റി വനാവകാശനിയമപ്രകാരം (സി.എഫ്.ആര്‍) 40,000ത്തിലേറെ ഹെക്ടര്‍ വനഭൂമി ആദിവാസി ഗോത്രവിഭാഗമായ കാടര്‍ സമുദായത്തിന് പട്ടയം നല്‍കിയിട്ടുള്ളതിനാല്‍ നേരത്തെ നല്‍കിയ ‘ക്ലിയറന്‍സ്’ അസാധുവാക്കിയിരുന്നു. അതിരപ്പിള്ളി പഞ്ചായത്തില്‍ സി.എഫ്.ആര്‍ അവകാശമുള്ള ഒമ്പത് ഗ്രാമസഭകള്‍ നിര്‍ദിഷ്ട പദ്ധതിയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. വനാവകാശ നിയമത്തിന്റെ സെക്ഷന്‍ 5(ഡി) പ്രകാരം ഈ പ്രമേയത്തെ മാനിക്കാനുള്ള നിയമപരമായ ബാധ്യത കെ.എസ്.ഇ.ബിയ്ക്കുണ്ട്. ഈ നിയമപ്രകാരം ‘സാമുദായിക വനത്തിലേക്കും വിഭവങ്ങളിലേക്കുമുള്ള പ്രാപ്യത നിയന്ത്രിക്കാനും വന്യമൃഗങ്ങളെയും കാടിനെയും ജൈവവൈവിധ്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന ഏത് പ്രവര്‍ത്തനങ്ങളെയും തടയാനും’ ഗ്രാമസഭയ്ക്കുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം. സി.പി.ഐ.എം അടക്കമുള്ള ഇടതുപാര്‍ട്ടികളുടെ ശക്തമായ പിന്തുണയോടെ പാര്‍ലമെന്റില്‍ പാസാക്കപ്പെട്ട വനാവകാശനിയമം ഇന്നത്തെ സാഹചര്യത്തില്‍ ലംഘിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് വിരോധാഭാസവും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്.

2018ലും 2019 ലുമായി രണ്ട് വലിയ പ്രളയത്തെ നേരിട്ട കേരള സംസ്ഥാനത്തിന് ഇനിയൊരു പരിസ്ഥിതിനാശം കൂടി നേരിടാനുള്ള ശേഷിയില്ല, പ്രത്യേകിച്ച് അതിരപ്പിള്ളി വാഴച്ചാല്‍ മേഖലയില്‍. 2018ലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളമൊഴുകിയത് ചാലക്കുടിപ്പുഴയ്ക്ക് സമീപമുള്ള പെരിങ്ങള്‍ക്കൂത്ത് ജലസംഭരണി തുറന്നപ്പോഴാണെന്നത് ഔദ്യോഗികമായി രേഖപ്പെടുത്തിയെന്നിരിക്കെ. സെക്കന്റില്‍ പത്തുലക്ഷത്തിലേറെ ലിറ്റര്‍ വെള്ളമാണ് അന്ന് ഒഴുകിയത്. തീരദേശ സംസ്ഥാനമായ കേരളത്തെ ഇനിയും അപായപ്പെടുത്തുന്ന, പരിസ്ഥിതിക്ക് ദോഷകരമായ ‘വികസന പദ്ധതികള്‍’ ഗൗരവമായി പുന:പരിശോധിക്കണമെന്നതിന്റെ സൂചനയാണ് കേരളം അഭിമുഖീകരിച്ച മഹാപ്രളയം.

ചാലക്കുടി-ഷോളയാര്‍ ടെയില്‍ റെയ്സിലും, പെരിങ്ങല്‍ക്കൂത്ത് റൈറ്റ് ബാങ്കിലുമുള്‍പ്പെടെ കൂടുതല്‍ ഡാമുകളുമായി മുന്നോട്ടു പോകാന്‍ കെ.എസ്.ഇ.ബി പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രത്തിലെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന വലിയൊരു വിഭാഗം വനഭൂമി വെള്ളത്തിലാഴുന്നതിന് ഇത് വഴിവെക്കും. ഇതും ഞങ്ങളെ ആശങ്കയിലാഴ്ത്തുന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള ഏക വഴി വലിയ ഡാമുകളല്ലയെന്നത് ലോകമൊട്ടൊക്കുമുള്ള അനുഭവങ്ങള്‍ നമുക്ക് കാട്ടിത്തന്നതാണ്. കേരളത്തിന് ആവശ്യം പുതിയ ഡാമുകളല്ല, മറിച്ച് നദീതടപരിസ്ഥിതി ആശങ്കകള്‍ കൂടി പരിഗണിച്ചുള്ള കാര്യക്ഷമമായ വെള്ളപ്പൊക്ക നിവാരണ പദ്ധതികളാണ്.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും ‘മുന്‍ അനുമതികള്‍’ ഉണ്ടായിട്ടും എന്തുകൊണ്ട് അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കിയില്ലയെന്ന് വൈദ്യുതപദ്ധതി നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു അവലോകന യോഗത്തില്‍ പ്രധാനമന്ത്രി ചോദ്യമുയര്‍ത്തിയിരുന്നു. കേരള സര്‍ക്കാറിന്റെ തിടുക്കപ്പെട്ടുള്ള എന്‍.ഒ.സി നല്‍കലിന് പ്രധാനമന്ത്രിയുടെ ഈ ചോദ്യവുമായി ബന്ധമുണ്ടെന്ന് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാറിനു മുമ്പില്‍ തോല്‍വി സമ്മതിക്കാനോ ഒരു ഏറ്റുമുട്ടലിനോ സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ലെന്നും പറയുന്നു! ഫെഡറല്‍ തീരുമാനങ്ങള്‍ കേന്ദ്രം മാനിക്കണമെന്നും കേന്ദ്രതീരുമാനങ്ങള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പൊതുജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഭരണകക്ഷികൂടിയായ സി.പി.ഐ.യുടെയും എതിര്‍പ്പുകളും പരിസ്ഥിതി പ്രവര്‍ത്തകരുടെയും മുന്‍ ഉദ്യോഗസ്ഥവൃന്ദങ്ങളുടെയും വിദഗ്ധാഭിപ്രായങ്ങളും എല്ലാറ്റിനുമുപരി പദ്ധതി നടപ്പിലാക്കിയാല്‍ വീടും കുടിയും നഷ്ടപ്പെടുന്ന ആദിവാസികളുടെ ആശങ്കകളും കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അത് തിരുത്താനാവാത്ത പിഴവാകും.

ഈ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതായി കേരളാ മുഖ്യമന്ത്രി എത്രയും പെട്ടെന്ന് രേഖാമൂലം പ്രഖ്യാപിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതുവഴി ഭരണഘടനാപരമായും 2006ലെ വനാവകാശ നിയമപ്രകാരവും ആദിവാസികള്‍ക്കു ലഭിച്ച അവകാശങ്ങളോടും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളോടുമുള്ള പ്രതിബദ്ധത ഉറപ്പുവരുത്തണം. നദികളെ സംരക്ഷിക്കാനും നീരൊഴുക്ക് വര്‍ധിപ്പിക്കാനും നടപടിയെടുക്കുകയെന്ന ഇടതുമുന്നണിയുടെ വോട്ടര്‍മാരോടുള്ള ഉത്തരവാദിത്തം നിറവേറ്റല്‍ കൂടിയാവും അത്.

പദ്ധതിയ്ക്കെതിരായ പ്രതിരോധത്തില്‍ അതിരപ്പിള്ളിയിലെ ആദിവാസികള്‍ക്ക് ഞങ്ങളുടെ അചഞ്ചലമായ പിന്തുണ ഇനിയുമുണ്ടാകും. കേരളത്തിന്റെ സുരക്ഷയിലും പച്ചപ്പ് നശിക്കുന്നതിലും ഏറെ ആശങ്കപ്പെടുന്ന കേരളത്തിലെ പരിസ്ഥിതി സംഘടനകള്‍ക്കൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ തീരുമാനം (നടപ്പിലാക്കില്ലയെന്ന) ഒരു തരത്തിലും നിലവില്‍ കേരളത്തിനുള്ള ഊര്‍ജ വിതരണത്തെ ദോഷകരമായി ബാധിക്കരുതെന്ന് ഞങ്ങള്‍ കേന്ദ്രത്തെ താക്കീത്  ചെയ്യുന്നു.

ജനങ്ങളുടെ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം

Image Credit: https://www.countercurrents.org/geetha140316.htm

NAPM India